കേരള സംസ്ഥാനത്തെ പൊതുവിഭവ വിതരണ വിവരങ്ങൾ ഉൾക്കൊള്ളിച്ചു ധവളപത്രം പ്രസിദ്ധീകരിക്കാൻ അഭ്യർത്ഥന
കേരള സംസ്ഥാനത്തെ പൊതുവിഭവ വിതരണ വിവരങ്ങൾ ഉൾക്കൊള്ളിച്ചു ധവളപത്രം പ്രസിദ്ധീകരിക്കാൻ അഭ്യർത്ഥന.

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ  മുൻപാകെ സമർപ്പിക്കുന്നത്.  

സർ,

താങ്കളുടെ നേതൃത്വത്തിൽ പുതുതായി ചുമതലയേറ്റ 23-ആം കേരള മന്ത്രിസഭക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

താങ്കളുടെ തന്നെ ചുമതലയിലുള്ള ന്യുനപക്ഷക്ഷേമവകുപ്പിന് കീഴിൽ അവകാശ സംരക്ഷണ, ശാക്തീകരണ പദ്ധതികൾ സമഗ്രമായി നടപ്പിലാക്കാ൯ ശ്രദ്ധ ചെലുത്തുമെന്നു പ്രതീക്ഷിക്കുന്നു.എന്നാൽ കുറച്ചുനാളുകളായി പ്രസ്തുത വകുപ്പിനെ സംബന്ധിച്ചും ന്യുനപക്ഷക്ഷേമ പദ്ധതികളെക്കുറിച്ചും നിർഭാഗ്യകരമായ ചില പ്രചാരണങ്ങൾ ഉടലെടുത്തിരിക്കുന്നു. ഇവയിൽ ഏറ്റവും പ്രധാനമായത് ഒരു പ്രത്യേക സമുദായം അർഹമായതിൽ കവിഞ്ഞ് അവകാശങ്ങളും വിഭവങ്ങളും കൈക്കലാക്കുന്നു എന്നൊരു നുണയാണ്.

വികസനത്തിന്‍റെയും ക്ഷേമത്തിന്‍റെയും ചർച്ചകൾ സാമൂഹ്യനീതിയുടെ സങ്കൽപങ്ങൾ ആധാരമാക്കിയാണ് രൂപപ്പെടേണ്ടത്. എന്നാൽ ഇതിനുപകരം, വസ്തുതകൾ വളച്ചൊടിച്ച്, സമൂഹത്തിന് ഹിതകരമല്ലാത്ത രീതിയിലുള്ള ആക്ഷേപങ്ങളും ആഖ്യാനങ്ങളും ചിലർ പ്രചരിപ്പിക്കുന്നത്, ന്യൂനപക്ഷക്ഷേമ വകുപ്പിനെതിരെയുള്ള  ദുരാരോപണങ്ങള്‍ക്ക് പി൯ബലമാവുന്നുണ്ടെന്ന് ഞങ്ങൾ കരുതുന്നു. കേരളത്തിലെ സാമൂഹികാന്തരീക്ഷവും സൗഹാർദവും ദുർബലപ്പെടുത്തുവാൻ വേണ്ടിയുള്ള ചില തത്പര കക്ഷികളുടെ ശ്രമങ്ങളുടെ ഭാഗമാണോ ഇവയെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

സർക്കാറിനും സംവിധാനങ്ങൾക്കുമെതിരെയുള്ള ഇത്തരം ദുഷ്പ്രചരണങ്ങൾക്ക് കൃത്യമായ വസ്തുതകളാണ് മറുപടിയെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഈ സാഹചര്യത്തിലാണ് സമഗ്രമായ ഒരു ധവളപത്രം ഇവ്വിഷയകമായി പുറത്തിറക്കമെന്ന ആവശ്യം ഞങ്ങൾ  സർക്കാറി൯റെ പരിഗണനയിലേക്ക് മുന്നോട്ട് വെക്കുന്നത്. നിലവിൽ ഓരോ ജനവിഭാഗങ്ങളും അനുഭവിക്കുന്ന സാമൂഹ്യ പാശ്ചാത്തല വികസനത്തി൯റെ സ്ഥിതി വിവരക്കണക്കുകളും പൊതുവിഭവങ്ങളിൽ ഉള്ള പങ്കാളിത്തവും സമഗ്രമായി വിലയിരുത്തുകയാണ് ആദ്യപടി. തുടർന്ന്, സാമൂഹ്യ പിന്നോക്കാവസ്ഥ പരിഹരിക്കാനും നീതിയുറപ്പാക്കാനും ഭരണകൂടം നടത്തിപ്പോരുന്ന വിവിധ പരിഹാര പദ്ധതികളും വിതരണവും കണക്കുകളായി അവതരിപ്പിക്കുന്ന ധവളപത്രവും പൊതുസമൂഹത്തിനു മുൻപിൽ സർക്കാർ പ്രസിദ്ധീകരിക്കുന്ന പക്ഷം ഇത്തരം പ്രചാരണങ്ങൾ നിഷ്പ്രയാസം നിലക്കും.

ജനസംഖ്യാനുപാതത്തിലും നിലവിലെ സ്ഥിതി വിവരങ്ങളുടെയും അടിസ്ഥാനത്തിൽ ഓരോ ജനവിഭാഗങ്ങൾക്കും സർക്കാർ വിഭവങ്ങളിൽ നിന്ന് ഭരണഘടനാപരമായി അർഹതയുള്ള ഓഹരി ശതമാനവും, നിലവിൽ ഓരോ വിഭാഗത്തിനും ഇത് വരെ ലഭ്യമായ ഓഹരിയും ധവളപത്രം വഴി പ്രസിദ്ധപ്പെടുത്തുന്നത് തെറ്റിദ്ധാരണകളെയും ദൂരീകരിക്കും. വിഭവവിതരണത്തിൽ ഏതെങ്കിലും സമുദായങ്ങൾക്ക് സവിശേഷമായി കമ്മിയും  ശേഷിപ്പും ഉണ്ടെങ്കിൽ അക്കാര്യങ്ങളും ധവളപത്രത്തിൽ വ്യക്തമാക്കണമെന്നും അഭ്യർത്ഥിക്കുന്നു. വിവരങ്ങൾ കൃത്യമാവാ൯ പൊതുവിഭവങ്ങൾ ഓരോന്നായി പ്രത്യേകം തരം തിരിക്കൽ അനിവാര്യമാണ്. താഴെ സൂചിപ്പിക്കുന്ന മാതൃകയിൽ ഓരോ വിഭവവും പട്ടികയാക്കി തരം തിരിച്ചു അനുസൃതമായ സമുദായിക പ്രാതിനിധ്യവും ശതമാനാടിസ്ഥാനത്തിൽ കമ്മിയും ശേഷിപ്പും വിശദമാക്കി വിവരങ്ങൾ വെളിപ്പെടുത്തുന്നത് ഉചിതമായിരിക്കും.

പൊതുവിഭവങ്ങളിൽ ഉള്ള സാമുദായിക പ്രാതിനിധ്യം: (പിഎസ്‌സിയോ മറ്റു സെലക്ഷൻ നടപടികൾ വഴിയോ ഉള്ള നിയമനങ്ങളും സർക്കാർ നേരിട്ട് നടത്തുന്ന നിയമനങ്ങളും വെവ്വേറെ സൂചിപ്പിക്കുക)

1. ഉദ്യോഗതലങ്ങളിൽ (ബ്യുറോക്രസിയിൽ) (തസ്തികകൾ വെവ്വേറെ തരം തിരിച്ചുള്ളത്)
2. പോലീസിൽ (തസ്തികകൾ വെവ്വേറെ തരം തിരിച്ചുള്ളത്)
3. ജുഡീഷ്യറിയിൽ (തസ്തികകൾ വെവ്വേറെ തരം തിരിച്ചുള്ളത്)
4. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ  (സർക്കാർ, എയ്‌ഡഡ്‌) ഉദ്യോഗസ്ഥ-അധ്യാപക തസ്തികകളിൽ (സ്‌കൂൾ, കോളേജ്, യൂണിവേഴ്സിറ്റി തലങ്ങളിലും, മറ്റു പൊതുവിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങലും ഉള്ള തസ്തികകൾ വെവ്വേറെ തരം തിരിച്ചുള്ളത്)
5. സർക്കാരിന് കീഴിൽ ഉള്ള കോർപ്പറേഷനുകൾ, വിവിധ ബോർഡുകൾ എന്നിവയിൽ (തസ്തികകൾ വെവ്വേറെ തരം തിരിച്ചുള്ളത്)
6. സർക്കാർ നേരിട്ട് നടത്തുന്ന നിയമനങ്ങളിൽ (വകുപ്പുകളും തസ്തികകളും വെവ്വേറെ തരം തിരിച്ചുള്ളത് ജനസംഖ്യാനുപാതത്തിൽ)  
7. സർക്കാർ ജോലികളിൽ  ഓരോ തസ്തികയിലും നിയമനത്തിന് ഉള്ള  സാമുദായിക സംവരണ ഓഹരി ജനസംഖ്യാനുപാതത്തിൽ
8. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ  (സർക്കാർ, എയ്‌ഡഡ്‌) ആകെയുള്ള സീറ്റുകളിലെ നിലവിൽ അഡ്മിഷൻ നൽകിയിട്ടുള്ള സീറ്റുകളുടെ ഓഹരി നില (സ്‌കൂൾ, കോളേജ്, യൂണിവേഴ്സിറ്റി, മറ്റു പൊതുവിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങൾ എന്നിവ വെവ്വേറെ തരം തിരിച്ചുള്ളത്)
9. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ  (സർക്കാർ, എയ്‌ഡഡ്‌) അഡ്മിഷൻ നൽകുന്നതിൽ  ഉള്ള  സാമുദായിക സംവരണ ഓഹരി (ജനസംഖ്യാനുപാതത്തിൽ)
10. കേരള സംസ്ഥാനത്തിലെ സർക്കാർ ഭൂമി പതിച്ചു നൽകിയതിൽ ഓരോ സമുദായത്തിനും ലഭിച്ചിരിക്കുന്ന ഓഹരി (പട്ടയ-സ്ഥലമൂല്യ കണക്കുകൾ സഹിതം ജനസംഖ്യാനുപാതത്തിൽ)
11. കേരള സംസ്ഥാനത്തിൽ എയ്‌ഡഡ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിച്ചു  നൽകിയതിൽ ഓരോ സമുദായത്തിനും ലഭിച്ചിരിക്കുന്ന ഓഹരി (ജനസംഖ്യാനുപാതത്തിൽ)

ഈ മാതൃകയിൽ ഒരു ധവളപത്രം പ്രസിദ്ധീകരിക്കുക വഴി കേരളീയ സമുഹത്തിൽ അസഹിഷ്ണുതയും അനൈക്യവുമുണ്ടാകാ൯ കാരണമായേക്കാവുന്ന അപവാദപ്രചരണങ്ങളെ അവസാനിപ്പിക്കാ൯ മുൻകൈയ്യെടുക്കണം എന്ന് മുഖ്യമന്ത്രി സമക്ഷം അഭ്യർത്ഥിക്കുന്നു. താങ്കൾ ഇക്കാര്യത്തിൽ സാനുകമ്പം വേണ്ട നടപടികൾ എടുക്കും എന്ന് പ്രതീക്ഷിക്കുന്നു.

വിശ്വാസപൂർവ്വം.
ചുവടെ ഒപ്പിട്ട പൗരന്മാർ.
Sign in to Google to save your progress. Learn more
Email *
Name *
District *
Designation/Filed of Work *
Do you consent to be part of signatories in the appeal for white paper to be submitted to the Chief Minister of Kerala? *
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy