അഞ്ജന ഹരീഷിന് നീതി ഉറപ്പുവരുത്തുക: അഞ്ജനയുടെ ജീവിതത്തേയും മരണത്തേയും കുറിച്ചുള്ള ക്വിയർഫോബിക് പ്രചരണങ്ങൾക്കെതിരെ 'സഹയാത്രിക'യുടെ പ്രസ്താവന
കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് സ്വദേശിനിയും,  ഒരു ക്വിയർ-ഐഡന്റിഫൈഡ് വിദ്യാർത്ഥിനിയുമായ അഞ്ജന ഹരീഷ് എന്ന ചിന്നു സുൽഫിക്കർ (21 വയസ്സ്) 2020 മെയ് 13 നു  ആത്മഹത്യ ചെയ്യുകയുണ്ടായി. കോവിഡ് ലോക്ഡൗണിൽ അകപെട്ട് ഗോവയിൽ താമസിക്കുമ്പോളായിരുന്നു മരണം സംഭവിച്ചത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രകാരം ഇതൊരു ആത്മഹത്യയായിരുന്നു. എന്നാൽ അഞ്ജനയുടെ ജീവിതത്തെയും മരണത്തെയും തെറ്റിദ്ധാരണയുളവാക്കും വിധം  വ്യാഖ്യാനിക്കുകയും  അതിലൂടെ മറ്റു സ്ത്രീകളെയും, കേരളത്തിലെ ട്രാൻസ്, വിമതലൈംഗിക വിഭാഗങ്ങളെയും കുറ്റവാളികളാക്കി ചിത്രീകരിക്കുകയും ചെയ്യുന്നതരത്തിൽ  പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി വ്യാപകപ്രചരണങ്ങൾ നടക്കുകയുണ്ടായി. ഇതിൽ ഞങ്ങൾ ശക്തമായി പ്രതിഷേധിക്കുന്നു.
 
അഞ്ജനയെ  മരണത്തിലേക്ക് തള്ളിവിട്ട സാമൂഹികവും സ്ഥാപനവൽകൃതവുമായ ഹിംസയെക്കുറിച്ച്  നിഷ്പക്ഷവും , നീതിയുക്തവുമായ  അന്വേഷണം നടത്തണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.
 
കഴിഞ്ഞ പതിനെട്ടു വർഷമായി കേരളത്തിലെ ക്വിയർ, ട്രാൻസ് സമുദായങ്ങളോടൊപ്പം പ്രവർത്തിക്കുന്ന ഒരു സമുദായാധിഷ്ഠിത മനുഷ്യാവകാശ സംഘടനയാണ് സഹയാത്രിക. ലെസ്ബിയൻ, ബൈസെക്ഷ്വൽ സ്ത്രീകൾ, ട്രാൻസ്മെൻ, ഇന്റർ സെക്സ്, ലിംഗപദവി സ്ഥിരീകരിക്കാത്തവർ തുടങ്ങി ജനനാവസ്ഥയിൽ സ്ത്രീയായി അടയാളപ്പെടുത്തപ്പെട്ട ലിംഗ- ലൈംഗിക ന്യൂനപക്ഷങ്ങളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും  സഹയാത്രിക പ്രവർത്തിക്കുന്നത്.
 
2002, 2003 കാലഘട്ടത്തിൽ കേരളത്തിൽ നടന്നിരുന്ന ക്വിയർ , ട്രാൻസ് വ്യക്തികളുടെ തുടർച്ചയായ  ആത്മഹത്യകളെകുറിച്ച് സഹയാത്രിക വസ്തുതാപഠനങ്ങൾ (Fact findings) നടത്തുകയുണ്ടായി. (രേഷ്മ ഭരദ്വാജ് എഡിറ്റ് ചെയ്ത  'മിഥ്യകൾക്കപ്പുറം: സ്വവർഗലൈംഗികത കേരളത്തിൽ' എന്ന പുസ്തകത്തിൽ അതിന്റെ ചില ഭാഗങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ). ഈ വസ്തുതാ  പഠനങ്ങളുടെ അടിസ്ഥാനത്തിൽ ആണ് സഹയാത്രിക സജീവ പ്രവർത്തനമാരംഭിക്കുന്നത്. 2002 ലെ ഞങ്ങളുടെ ആദ്യ പ്രൊജക്ട് മുതൽ പ്രതിസന്ധികൾ നേരിടുന്ന  ക്വിയർ, ട്രാൻസ് വ്യക്തികളുടെ ആയിരക്കണക്കിന് ഫോൺ കോളുകൾ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ക്വിയർ, ട്രാൻസ് വ്യക്തികൾക്കെതിരെയുള്ള ഹിംസയും ഉപദ്രവങ്ങളും സ്വാഭാവികം എന്ന് പറഞ്ഞ് പ്രോൽസാഹിപ്പിക്കുന്ന ഈ ലോകത്ത്, കുടുംബാംഗങ്ങൾ ഉപേക്ഷിച്ചവർ, നിർബന്ധിത ചികിത്സയിലൂടെ കടന്നു  പോകേണ്ടി വന്നവർ, ജോലി സ്ഥലത്ത് വിവേചനം നേരിടേണ്ടി വന്നവർ ഇങ്ങനെ അതിജീവനത്തിനായി പോരാടുന്ന ഒരുപാടുപേർ ഞങ്ങളുമായി ബന്ധം പുലർത്തി.
 
2020 മാർച്ച് 13 ന് അഞ്ജന  തന്റെ ഫേസ് ബുക്ക് ലൈവിൽ വന്ന് ഒരു വീഡിയോ ചെയ്തിരുന്നു (https://rb.gy/2gf61o). ഇതിൽ അഞ്ജനയുടെ വീട്ടുകാർ 2019 ഡിസംബർ 24 രാത്രി മുതൽ അവളെ നിർബന്ധപൂർവ്വം  മാനസികാരോഗ്യ ചികിൽസക്കായി കോയമ്പത്തൂർ, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലുള്ള വിവിധ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ കൊണ്ടുപോയിരുന്നതിനെക്കുറിച്ച്  പറയുന്നുണ്ട്. തുടർന്നുള്ള രണ്ട് മാസത്തോളം ഈ സ്ഥലങ്ങളിൽ ആയിരുന്നു അവൾ  ഉണ്ടായിരുന്നത് എന്നും കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് ബലം പ്രയോഗിച്ചാണ്  കുടുംബാംഗങ്ങൾ തന്നെ കാറിൽ കയറ്റി കൊണ്ട് പോയതെന്നും  തന്നെ ശാരീരികമായും, മാനസികമായും പീഡിപ്പിച്ചതെങ്ങനെയെല്ലാമാണെന്നും  അതിൽ വിശദമായി വിവരിക്കുന്നുണ്ട്. ഇതിന് ശേഷം, കോയമ്പത്തൂരിലുള്ള Dr. N. S. മോനിയുടെ ക്ലിനിക്കിൽ കൊണ്ടുപോയതായും  തനിക്ക് രോഗങ്ങളില്ല എന്ന് ആവർത്തിച്ച് പറയുകയും എതിർക്കാൻ ശ്രമിക്കുകയും ചെയ്തപ്പോൾ ചെകിട്ടത്തടിച്ച് താഴെ വീഴ്ത്തുകയും നിർബന്ധിതമായി മയക്കാനുള്ള മരുന്ന് (Sedative) കുത്തിവെക്കുകയും ചെയ്തതായും  അഞ്ജന  ഈ വിഡിയോയിൽ പറയുന്നുണ്ട്. അഞ്ജനയുടെ അടുത്ത ഓർമ പാലക്കാടുള്ള ഒരു ലഹരി വിമുക്ത കേന്ദ്രത്തിൽ (ശാലോം ഇൻസ്റ്റിട്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് & ഡീ-അഡിക്ഷൻ സെന്റർ ) ഉറക്കമുണരുന്നതാണ്. അവിടെ  തന്നെക്കാൾ പ്രായമുള്ള, മാനസിക രോഗമുള്ളതും മാനസിക പ്രശ്നങ്ങൾ ആരോപിക്കപ്പെട്ടതുമായ സ്ത്രീകളോടൊപ്പം ജീവിക്കേണ്ടി വന്നതിനെക്കുറിച്ചും ഭക്ഷണത്തിനൊഴികെയുള്ള  എല്ലാ സമയങ്ങളിലും  സെല്ലിൽ അടച്ചിടപ്പെട്ടതിനെക്കുറിച്ചും പീഡനങ്ങൾ ഏൽക്കേണ്ടി വന്നതിനെക്കുറിച്ചും അഞ്ജന പറയുന്നുണ്ട്. മൂന്നാഴ്ചകൾക്ക് ശേഷം തിരുവനന്തപുരത്തുള്ള മറ്റൊരു കേന്ദ്രത്തിലേക്ക് (കരുണാ സായി ഇസ്റ്റിറ്റ്യൂട്ട് ) തന്നെ മാറ്റിയതായും   പേരറിയാത്ത നാൽപതോളം മരുന്നുകൾ തന്റെ മേൽ കുത്തിവെച്ചതായും അഞ്ജന പറയുന്നു. ഈ മരുന്നുകളുടെ ഉപയോഗം മൂലം തലകറക്കം, കാഴ്ച നഷ്ടമാകൽ, സംസാരിക്കാനും ആളുകളെ കാണാനും ബുദ്ധിമുട്ട്, ഇങ്ങനെ പല ആരോഗ്യപ്രശ്നങ്ങളുമുണ്ടായെന്ന്  അഞ്ജന ആ വിഡിയോയിൽ പറഞ്ഞിരുന്നു. അഞ്ജനയുടെ തന്നെ വാക്കുകളിൽ പറഞ്ഞാൽ "ഈ മരുന്നും ഇഞ്ചക്ഷനും ഒക്കെ കൊണ്ട് അഞ്ജന ഹരീഷ് എന്ന് പറയുന്ന ഒരു സാധനം ഇല്ലാതാവുകയായിരുന്നു".
 
സൈക്യാട്രിക്ക് ട്രീറ്റ്മെന്റിനു രണ്ടാഴ്ച്ചക്ക്‌ ശേഷം അഞ്ജന വീട്ടിൽ നിന്നും സുഹൃത്തുക്കളുടെ അടുക്കലേക്ക് പോകുകയും അതിനു ശേഷം അവളുടെ വീട്ടുകാർ ഒരു മിസ്സിംഗ് പേഴ്സൺ കംപ്ലെയിന്റ്  രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.  2020 മാർച്ച് 13-ആം തീയതി അഞ്ജന മജിസ്ട്രേറ്റിന്റെ മുൻപിൽ ഹാജരാകുകയും അവളുടെ തീരുമാനപ്രകാരം കോടതി അവളെ സ്വതന്ത്രയായി ജീവിക്കാൻ അനുവദിക്കുകയും ചെയ്തു. ആരുടെ കൂടെ പോകാനാണ് ഇഷ്ടം എന്ന കോടതിയുടെ ചോദ്യത്തോടു തന്റെ കുട്ടുകാരോടൊപ്പം പോകാനാണ് താൽപര്യം എന്ന് മറുപടി  പറഞ്ഞു. പല മാധ്യമങ്ങളും ആരോപണരൂപത്തിൽ പ്രചരിപ്പിച്ചത്  അഞ്ജനയുടെ "നിയമപരമായ രക്ഷാകർത്തൃത്വം" അവളുടെ സുഹൃത്തുക്കളുടെ ഉത്തരവാദിത്തമാണെന്നാണ്. അത്തരക്കാർക്ക് പ്രായപൂർത്തിയായ സ്ത്രീകൾ സ്വന്തം ജീവിതത്തിന്റെ ഉത്തരവാദിത്തം കുടുംബത്തിന്റെ പിന്തുണയില്ലാതെ സ്വയം ഏറ്റെടുക്കാൻ കഴിവുള്ളവർ ആണെന്ന ആശയം തന്നെ അപരിചിതമാണ്. കോടതിയുടെ ഭാഗത്ത് നിന്നോ മറ്റേതെങ്കിലും തരത്തിലോ  നിയമപരമായി   രക്ഷാകർത്തൃത്വ നിബന്ധനകൾ അഞ്ജനയുടെ കാര്യത്തിൽ  ഉണ്ടായിരുന്നില്ല. സ്വതന്ത്രമായി ജീവിക്കുന്നതിനായി അവൾ തന്റെ സുഹൃത്തുക്കളുടെ സഹായം സ്വീകരിച്ചതിനെ വീട്ടുകാർ ചിത്രീകരിച്ചത് അഞ്ജന  വഴിവിട്ട ജീവിതം നയിച്ചിരുന്നതായും പലതരത്തിലുള്ള നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായുമാണ്.
 
അഞ്ജന ഒരു അർബൻ നക്സലൈറ്റും, മാവോയിസ്റ്റും, ദേശദ്രോഹിയും, ജിഹാദി ലെസ്ബിയനും, മയക്കുമരുന്നിനടിമയും, തീവ്രവാദിയുമായിരുന്നുവെന്നും, പ്രകൃതിവിരുദ്ധമായ ഒരു ജീവിതമാണ് അവൾ നയിച്ചു കൊണ്ടിരുന്നതെന്നും ചിത്രീകരിച്ച പത്ര-സാമൂഹ്യ മാദ്ധ്യമങ്ങളുടെ എല്ലാ ആരോപണങ്ങളേയും ഞങ്ങൾ ശക്തമായി എതിർക്കുന്നു. സ്വന്തം കുടുംബത്തിൽ നിന്നും,  തന്നെ അനധികൃതമായി ചികിൽസിച്ച മാനസികാരോഗ്യ കേന്ദ്രങ്ങളിൽ നിന്നും ഉണ്ടായ പീഡനങ്ങൾക്കെതിരെ ശക്തമായ ഒരു നിലപാടെടുക്കുകയാണ് അഞ്ജന  ചെയ്തത്. എന്നാൽ, പല മാധ്യമങ്ങളും യൂട്യൂബ് ചാനലുകളും വാർത്തകൾ  വളച്ചൊടിച്ചുകൊണ്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ട്  തെറ്റായി ചിത്രീകരിച്ചു കൊണ്ടും വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയുണ്ടായി. വളരെ കുറച്ച് മാധ്യമങ്ങൾ മാത്രമാണ് തന്റെ ജീവിതത്തെക്കുറിച്ചുള്ള അഞ്ജനയുടെ സ്വന്തം വാക്കുകളും തീർപ്പുകളും  പരിഗണിച്ചുകൊണ്ട് ഉത്തരവാദിത്തബോധത്തോടുകൂടി ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
 
അഞ്ജനയോട് അടുപ്പമുണ്ടായിരുന്ന ആളുകൾക്കെതിരെ നടക്കുന്ന ക്വിയർ ഫോബിക്കായ അപവാദപ്രചരണങ്ങളെ ഞങ്ങൾ അപലപിക്കുന്നു.  അഞ്ജനയുടെ മരണവുമായി ബന്ധപ്പെട്ട് ബോധപൂർവ്വം നിഗൂഢതകൾ സൃഷ്ടിച്ചു കൊണ്ടും അവളുടെ സുഹൃത്തുക്കളെ കുറ്റവാളികളാക്കികൊണ്ടും  ജനം ടിവി, നമോ ടിവി ഉൾപ്പടെ മറ്റു പല ചാനലുകളുടേയും പത്രങ്ങളുടേയും റിപ്പോർട്ടുകൾ വന്നു. അഞ്ജനയുമായി  താമസസ്ഥലം പങ്കിട്ട,  അവളോടൊപ്പം ഗോവയിൽ ഉണ്ടായിരുന്ന,  സുഹൃത്തുക്കൾ പലതരത്തിലുള്ള പാർശ്വവൽകൃത ഇടങ്ങളിൽ നിന്നുള്ളവരാണ് - സ്ത്രീകൾ, ക്വിയർ- ട്രാൻസ് വ്യക്തികൾ, ഭിന്നശേഷി ഉള്ളവർ, ബഹുജൻ, മുസ്ലീം, ദളിത്  പാർശ്വവൽകൃത സമുദായങ്ങളിൽപെട്ടവർ. വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ മൂലം അവർ നേരിടുന്ന ആൾക്കൂട്ട വിചാരണ തീർത്തും മനുഷ്യാവകാശലംഘനമാണ്. അഞ്ജനയുടെ സുഹൃത്തുക്കൾക്കെതിരെ അപവാദപ്രചരണങ്ങൾ നടത്തിയ ഈ മാധ്യമ റിപ്പോർട്ടുകൾ, കാലങ്ങളായി ക്വിയർ - ട്രാൻസ് വ്യക്തികൾ സമരം ചെയ്തു നേടിയെടുത്ത അനുകൂല ഇടങ്ങളെ അപകടത്തിലാക്കിക്കൊണ്ട്,  വരുംകാലങ്ങളിൽ ഈ സമുദായങ്ങളുടെ അതിജീവനത്തെ കൂടുതൽ ദുഷ്കരമാക്കുകയാണ് ചെയ്തിട്ടുള്ളത് . അഞ്ജനയുടെ  ദാരുണമായ  അന്ത്യവും അതിനെ തുടർന്നുണ്ടായ അപവാദപ്രചരണങ്ങളും പ്രായപൂർത്തിയായ സ്ത്രീകളുടേയും ക്വിയർ വ്യക്തികളുടേയും ഭവന സുരക്ഷിതത്വ  അവകാശം അടിയന്തിര പ്രാധാന്യമുള്ള കാര്യമാണെന്ന് ഓർമിപ്പിക്കുന്നു.
 
അഞ്ജനയെ  വീടുവിട്ടിറങ്ങാൻ പ്രേരിപ്പിച്ച കുടുംബപരവും സ്ഥാപനവൽകൃതവുമായ പീഡനങ്ങളെ തീർത്തും അവഗണിച്ച്   ബോധപൂർവം ദുഷ്പ്രചരണങ്ങൾ അഴിച്ചുവിട്ട ആളുകളും മാധ്യമങ്ങളും പ്രതിഷേധാർഹമായ കുറ്റകൃത്യമാണ് ചെയ്തത്. കുട്ടിക്കാലത്ത് തനിക്ക് അനുഭവിക്കേണ്ടി വന്നിട്ടുള്ള മാനസികാഘാതങ്ങളെകുറിച്ചും പീഡനങ്ങളെകുറിച്ചും അഞ്ജന  എഴുതുകയും ഒരുപാടുപേരോട് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. കൗമാരകാലത്ത് രണ്ടാനച്ഛനിൽ  നിന്നുണ്ടായ ലൈംഗികപീഡനത്തെ തുടർന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച അഞ്ജനയെ  താൽക്കാലികമായി ഗവൺമെന്റ് കസ്റ്റഡിയിൽ വച്ചിട്ടുണ്ടായിരുന്നു. ഈ സംഭവം അഞ്ജനയുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ (ചിന്നു സുൾഫിക്കർ) പരാമർശിച്ചിട്ടുണ്ട് (ജനുവരി 14, 2018). അതുകൂടാതെ ബാലപീഡനങ്ങളെകുറിച്ചും, കുടുംബത്തിൽ നിന്നുമുണ്ടായ പീഡനങ്ങളെക്കുറിച്ചും പലപ്രാവശ്യം അഞ്ജന  തന്റെ ഫേസ്ബുക് പ്രൊഫൈലിൽ എഴുതിയിട്ടുണ്ട്. 2020 മെയ് മൂന്നാം തീയതി അഞ്ജന  ഗന്ധങ്ങളെക്കുറിച്ചും അവയുമായി ബന്ധപ്പെട്ടുള്ള ഓർമ്മകളെക്കുറിച്ചും മനസ്സുതുറക്കുന്ന ഒരു കുറിപ്പ് എഴുതിയിരുന്നു. ഇതിൽ ഒരു ബന്ധുവിൽ നിന്നും നേരിടേണ്ടിവന്ന  ലൈംഗിക സ്പർശത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട ഒരു ഗന്ധത്തെക്കുറിച്ചും അവൾ പരാമർശിച്ചിട്ടുണ്ട്. അഞ്ജന അവളുടെ ജീവിതം അവസാനിപ്പിക്കുന്നതിന് ഏകദേശം ഒരാഴ്ച്ച മുൻപ്, 2020 മെയ് ഏഴാം തീയതി അവളുടെ  ഫേസ്ബുക്ക് പേജിൽ ഇങ്ങനെ എഴുതി: "മനോഹരമായ ബാല്യകാലം ഉണ്ടായിരുന്നവരാണ് ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്തവർ". അഞ്ജനയുടെ  ഫേസ്ബുക്ക് പ്രൊഫൈൽ പരിശോധിച്ചാൽ അവളുടെ മുൻകാല ആത്മഹത്യാശ്രമങ്ങളെക്കുറിച്ചും ആത്മഹത്യാസങ്കല്പങ്ങളെക്കുറിച്ചും ഉള്ള എഴുത്തുകൾ കാണാൻ കഴിയും.
 
നിർബന്ധിതമായി തന്റെ മേൽ അടിച്ചേൽപ്പിക്കപ്പെട്ട മാനസികാരോഗ്യ ചികിൽസകളെക്കുറിച്ചുള്ള അഞ്ജനയുടെ  സ്വയം  സാക്ഷ്യപ്പെടുത്തലിനെ  പരിഗണിക്കാൻ തയ്യാറാവാതിരുന്ന മാധ്യമങ്ങളുടെ നിലപാടിനെ ഞങ്ങൾ അപലപിക്കുന്നു . അഞ്ജനയെ അവളുടെ സമ്മതമില്ലാതെ ബലമായി 'ചികിൽസിച്ച' മാനസികാരോഗ്യ  വിദഗ്ധരെക്കുറിച്ചും സ്ഥാപനങ്ങളെക്കുറിച്ചും അവളുടെ സാക്ഷ്യപ്പെടുത്തലിനെ അടിസ്ഥാനമാക്കി ഒരു അടിയന്തിരാന്വേഷണം  നടത്തണമെന്ന്  ഞങ്ങൾ ആവശ്യപ്പെടുന്നു.
 
2018 ജൂലൈയിൽ പ്രാബല്യത്തിൽ വന്ന മെന്റൽ ഹെൽത്ത് ആക്റ്റ് 2017 പ്രകാരം പ്രായപൂർത്തിയായൊരു വ്യക്തിയെ അയാളുടെയോ അല്ലെങ്കിൽ അയാൾ  തന്നെ നാമനിർദേശം ചെയ്തിട്ടുള്ള ഒരു പ്രതിനിധിയുടേയോ സമ്മതത്തോടെയല്ലാതെ യാതൊരു വിധത്തിലുമുള്ള മാനസികാരോഗ്യ ചികിൽസയ്ക്കും വിധേയമാക്കാൻ പാടുള്ളതല്ല. ഞങ്ങളുടെ ക്രൈസിസ് ഇന്റർവെൻഷൻ-അനുഭവങ്ങളുടെ വെളിച്ചത്തിൽ ഞങ്ങൾ മനസ്സിലാക്കിയിട്ടുള്ള  വേദനാജനകമായ ഒരു സത്യം, ക്വിയർ - ട്രാൻസ് സമുദായാംഗങ്ങളെ പലപ്പോഴും അവരുടെ സമ്മതമില്ലാതെ കുടുംബങ്ങളുടെ നേതൃത്വത്തിൽ മാനസികാരോഗ്യ ചികിൽസയ്ക്കും  ലൈംഗികതയും ലിംഗത്വവും മാറ്റാനുള്ള  പരിവർത്തന ചികിൽസയ്ക്കും (Conversion therapy) നിർബന്ധിതമായി വിധേയമാക്കുന്നത് ഒരു സർവ്വസാധാരണമായ സംഭവമാണ് എന്നതാണ്.
 
1973 മുതൽ അമേരിക്കൻ സൈക്യാട്രിക് അസോസ്സിയേഷനും (DSM II ൽ ) 1992 മുതൽ വേൾഡ് ഹെൽത്ത് ഓർഗനൈസേഷനും (ICD - 10 ൽ) സ്വവർഗ്ഗലൈംഗികത ഒരു രോഗമല്ല എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 2018 ജൂലൈയിൽ ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി നടത്തിയ പ്രസ്താവനയിൽ ഇങ്ങനെ പറയുന്നു "സ്വവർഗ്ഗലൈംഗികത ഒരു മാനസികരോഗമോ അസുഖമോ ആണെന്നുള്ള വിശ്വാസത്തെ സാധൂകരിക്കുന്നതായി യാതൊരുവിധ തെളിവുകളും ഇല്ല". ഈ അടുത്തകാലത്ത് 'ദ അസോസ്സിയേഷൻ ഓഫ് സൈക്യാട്രിക് സോഷ്യൽവർക്ക് പ്രൊഫഷണൽസ് ഇൻ ഇന്ത്യ' യും, 'ദ ഇന്ത്യൻ അസോസ്സിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്സും', 'ദ കേരള ബ്രാഞ്ച് ഓഫ് ദ ഇന്ത്യൻ സൈക്യാട്രിക് സൊസ്സൈറ്റി'യും ഒരുമിച്ച് പരിവർത്തന ചികിൽസയെ പൂർണ്ണമായും വിലക്കുന്ന പ്രസ്താവനകൾ  പുറപ്പെടുവിച്ചിട്ടുണ്ട്.
 
 
അഞ്ജനയെ  സഹായിച്ചുവെന്ന് സ്വയം അവകാശപ്പെടുകയും അതേ സമയം അവൾക്കുമേൽ നിർബന്ധിതമായി അടിച്ചേൽപിക്കപ്പെട്ട മാനസികാരോഗ്യ ചികിൽസയ്ക്കു കൂട്ടുനിൽക്കുകയും ചെയ്ത 'ഹിന്ദു ഡെമോക്രാറ്റിക് ഫ്രണ്ട്' എന്ന രാഷ്ട്രീയ സംഘടനയ്ക്ക്  ഈ സംഭവത്തിലുള്ള പങ്ക് ചോദ്യം ചെയ്യുന്നതിൽ മുഖ്യധാരാ മാധ്യമങ്ങൾ യാതൊരു താൽപ്പര്യവും കാണിച്ചില്ല. ഇത് പ്രതിഷേധാർഹമാണ്. ട്രാൻസ്ജൻഡർ വ്യക്തികളുടെ അവകാശങ്ങൾ  സംരക്ഷിക്കുകയും അവയ്ക്ക് സ്വീകാര്യത നൽകുകയും ചെയ്യുന്ന NALSA വിധിയും, പരസ്പരസമ്മതത്തോടെയുള്ള സ്വവർഗ്ഗലൈംഗിക ബന്ധങ്ങളെ കുറ്റവിമുക്തമാക്കുന്ന നവതേജ് സിംഗ് ജോഹർ 2018 വിധിയും നിലനിൽക്കേ, ഈ നിയമങ്ങളെ ഒന്നും കണക്കിലെടുക്കാതെ ഹിന്ദുത്വവാദികളും വലതുപക്ഷ വിഭാഗങ്ങളും ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള തങ്ങളുടെ നിലപാടിനൊരു മാറ്റവും വരുത്തില്ല എന്ന ഉറച്ച തീരുമാനത്തോടെ മുന്നോട്ടു പോവുകയാണ് . ഇതോടൊപ്പം തന്നെ ഇടതുപക്ഷ അനുഭാവികളും 'പുരോഗമനവാദി'കളുമായ ചില വ്യക്തികൾ പത്ര-സാമൂഹ്യ മാധ്യമങ്ങളിൽ നടത്തിയ, അഞ്ജനയുടെ സുഹൃത്തുക്കളെയും വിമതസമുദായങ്ങളെയും കുറ്റവാളികളാക്കുന്ന തരത്തിലുള്ള എഴുത്തുകളേയും ഞങ്ങൾ കടുത്ത നിരാശയോടെ അപലപിക്കുന്നു.
 
 IPC 377 പിൻവലിച്ചതിനെ പിന്തുണച്ചുകൊണ്ടും ട്രാൻസ് ജെൻഡർ വെൽഫെയർ പോളിസികൾ രൂപീകരിച്ചുകൊണ്ടുമൊക്കെ  കേരളത്തിലെ  കഴിഞ്ഞ രണ്ട് സർക്കാരുകളും ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ഉയർത്തിപ്പിടിക്കുന്നതിൽ പ്രതിബദ്ധത പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ, അഞ്ജനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടക്കുന്ന വിദ്വേഷ പ്രചരണങ്ങളെ എതിർക്കണമെന്നും അത് തടയുന്നതരത്തിൽ തുടർനടപടികൾ കൈക്കൊള്ളണമെന്നും നീതി നടപ്പിലാക്കണമെന്നും കേരളസർക്കാരിനോടും, രാഷ്ട്രീയ പാർട്ടികളോടും, സിവിൽ സൊസൈറ്റി ഗ്രൂപ്പുകളോടും നീതിയിൽ വിശ്വസിക്കുന്ന എല്ലാ ആളുകളോടും  ഞങ്ങൾ ആവശ്യപ്പെടുകയാണ്.
 
ലൈംഗികതയിലും ലിംഗപദവിയിലുമുള്ള വ്യത്യസ്തതകൾ ഓരോരുത്തരുടേയും അവകാശമാണെന്ന് ബോധ്യമുള്ളവർ എന്ന നിലയിലാണ് ഞങ്ങൾ ഇതെഴുതുന്നത്. ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളെ കുറ്റവാളികളാക്കുന്നതിലേക്കും അപകീർത്തിപ്പെടുത്തുന്നതിലേക്കും നയിക്കുന്ന ഇത്തരം വെറുപ്പും അവഗണനയും വിദ്വേഷവും ഇനിയും ഞങ്ങൾ സഹിക്കാൻ തയ്യാറല്ല. ചുവടെ പറയുന്ന കാര്യങ്ങൾ എത്രയും പെട്ടെന്നുതന്നെ നടപ്പിലാക്കണമെന്ന് കേരളസർക്കാരിനോടും മറ്റു അധികാരപ്പെട്ട സംഘടനകളോടും ഞങ്ങൾ ആവശ്യപ്പെടുന്നു:
 
 
1. പരസ്പരസമ്മതത്തോടെയുള്ള സ്വവർഗ്ഗലൈംഗിക ബന്ധങ്ങളെ കുറ്റവിമുക്തമാക്കുന്ന 2018 ലെ നവതേജ് ജോഹർ V/S സുപ്രീം കോർട്ട് ഓഫ് ഇന്ത്യ വിധിയെ ഉയർത്തിപ്പിടിക്കുകയും, എല്ലാ മാധ്യമങ്ങളും ഇത് നിർബന്ധമായും പിൻപറ്റുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്യുക.
 
2. അഞ്ജനയെ ചികിൽസിച്ചിരുന്നു എന്ന് പറയപ്പെടുന്ന മനോരോഗ വിദഗ്ദ്ധരേയും ലഹരിവിമുക്തകേന്ദ്രങ്ങളേയും ഇവർക്കൊപ്പം അക്രമത്തിനു കൂട്ടുനിന്നവരേയും കുറിച്ച് വിശദമായ അന്വേഷണം നടത്തി  കർശനമായ നടപടികൾ കൈക്കൊള്ളുക.
 
3. മുഖ്യധാരാ മാധ്യമങ്ങളിലും അതോടൊപ്പം തന്നെ സാമൂഹ്യ മാധ്യമങ്ങളിലും വിദ്വേഷഭാഷണം നടത്തുകയും വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെ വിശദമായ അന്വേഷണം നടത്തുകയും അവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുക.
 
4. കേരളത്തിൽ പരിവർത്തന ചികിൽസ (Conversion therapy) നടത്തുകയോ അതിന്റെ വക്താക്കളായി പ്രവർത്തിക്കുകയോ ചെയ്യുന്ന എല്ലാ ലഹരിവിമുക്തകേന്ദ്രങ്ങൾക്കും, മാനസികാരോഗ്യ വിദഗ്ധർക്കും പരിശീലകർക്കും എതിരെ വിശദമായ അന്വേഷണം നടത്തുകയും കർശനമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുക.
 
5. മനുഷ്യാവകാശങ്ങൾ  ലംഘിക്കുന്ന തരത്തിലുള്ള ചികിൽസാരീതികൾ നടപ്പിലാക്കുന്ന മാനസികാരോഗ്യകേന്ദ്രങ്ങളുടെ നടത്തിപ്പവകാശം റദ്ദാക്കി അടച്ചുപൂട്ടുകയും ഇത്തരത്തിലുള്ള നിർബന്ധിതമായ മനോരോഗ-പരിവർത്തന ചികിൽസകൾ നടക്കുന്നില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.
 
6. വിദ്വേഷ ഭാഷണം, അപകീർത്തികരമായ ആക്ഷേപങ്ങൾ, വിവിധതരത്തിലുള്ള സ്പഷ്ടമായ വിവേചനങ്ങൾ, ആംഗ്യത്തിലൂടെയോ  പ്രവൃത്തിയിലൂടെയോ വാക്കുകളിലൂടെയോ മറ്റേതെങ്കിലും തരത്തിലോ ഉള്ള കളങ്കപ്പെടുത്തൽ എന്നിവയെ ശക്തമായി എതിർക്കുകയും ശിക്ഷ നടപ്പിലാക്കുകയും ചെയ്യുക.
 
7. ആൺകോയ്മയിലധിഷ്ഠിതവും  ഹോമോഫോബിക്കുമായ ഈ വ്യവസ്ഥയിൽ നിന്നും പീഡനം അനുഭവിക്കേണ്ടിവരുന്ന എല്ലാ ക്വിയർ വ്യക്തികൾക്കും സ്ത്രീകൾക്കും സുരക്ഷിതമായ താമസസൗകര്യം ഉറപ്പുവരുത്തുക .



Sign in to Google to save your progress. Learn more
പേര് / സംഘടനയുടെ പേര് *
പദവി *
ഇമെയിൽ
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy